കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നാല്‍ മാത്രമേ ആരോഗ്യനിലയില്‍ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
