സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപകന്‍ സാബുവിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല ;മാനസിക പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കണം; എം.എം മണി

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് സി.പി.എം നേതാവ് എം.എം മണി. സാബുവിന് മാനസിക പ്രശ്‌നമുണ്ടോയെന്ന് അന്വേഷിക്കണം. ചികിത്സ തേടിയിട്ടുണ്ടോയെന്നതും പരിശോധിക്കണമെന്ന് എം.എം മണി ആവശ്യപ്പെട്ടു.

‘ഞങ്ങളുടെ പാര്‍ട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടില്‍ ഐക്യജനാധിപത്യമുന്നണിയും കോണ്‍ഗ്രസും ബി.ജെ.പി. പാര്‍ട്ടികളും ചില പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ച സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ ഞങ്ങള്‍ ഏറ്റെടുത്ത് എങ്ങനെ രക്ഷപ്പെടുത്താം എന്ന് നോക്കിയിട്ടുണ്ട്. ആ സ്ഥാപനത്തെ രക്ഷപ്പെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി.ആര്‍.സജിയും ഭരണസമിതിയും ശ്രമിച്ചത്. സാബു പണം ചോദിച്ചുവന്നപ്പോള്‍ ബാങ്കില്‍ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമമുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരുപ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി.ആര്‍.സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. തങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ലെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *