തിരുവനന്തപുരം: ഇടുക്കിയില്‍ സഹകരണ സൊസൈറ്റി ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ നിക്ഷേപ തുക പൂര്‍ണ്ണമായും കുടുംബത്തിന് കൈമാറി ബാങ്ക്. നിക്ഷേപ തുകയും പലിശയും അടക്കം 14,59,944 രൂപയാണ് ബാങ്ക് കൈമാറിയത്. ബാങ്ക് ബോര്‍ഡ് മെമ്പര്‍ കെഎം ചന്ദ്രന്, സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സാബുവിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. തുക പൂര്‍ണമായും കുടുംബത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു.
അതേസമയം, ജീവനൊടുക്കിയ സാബുവിന്റെ അമ്മ ഇന്ന് മരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്മ ത്രേസ്യാമ്മ. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്.

