മനുഷ്യ സ്‌നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം, അതില്‍ ജാതിമത വേര്‍തിരിവില്ലായിരുന്നു ; മുഖ്യമന്ത്രി

ശിവഗിരി: ശ്രീനാരയണ ഗുരുവിനെ ജാതിയുടെയോ മതത്തിന്റെയോ വേലിക്കുള്ളില്‍ നിര്‍ത്തുന്നത് നിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശ്രീനാരയണ ഗുരുവിന്റെ സന്ദേശം ജാതിമതഭേഭമന്യേയുള്ള മനുഷ്യ സ്നേഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുരുവിന്റെ ആശയങ്ങള്‍ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുവിനോട് ചെയ്യുന്ന വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ണവ്യവസ്ഥക്കെതിരായ ആശയങ്ങളാണ് ഗുരു മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മനുഷ്യ സ്നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. അതില്‍ ജാതിമത വേര്‍തിരിവില്ലായിരുന്നു. അത്തരം വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഗുരു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെ തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലി കെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിലും വലിയ ഗുരുനിന്ദയില്ല.

മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്കാണ് സനാതന ഹിന്ദുത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധര്‍മ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം. – പിണറായി വിജയന്‍ പറഞ്ഞു.

ശിവഗിരി എല്ലാവര്‍ക്കും അവകാശപ്പെട്ടതാകണമെന്നും ആത്മീയതയുടെ ഭാഗമായി മാത്രം ഗുരുവിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കണം എന്നല്ലാതെ മറ്റൊരു സമുദായത്തിനെതിരെ സംഘടിക്കണമെന്ന് ഗുരു പറയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗുരുവത്തിന്റെ ആശയങ്ങള്‍ ഹരിജന്‍ എഴുതാന്‍ മഹാത്മാഗാന്ധിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *