ലഖ്നൗ:ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയടക്കം സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി യുവാവ്. ബുധനാഴ്ച പുലര്‍ച്ചെ യു.പി.യിലെ നാക്ക പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍, പ്രതി അര്‍ഷാദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ആഗ്ര സ്വദേശിയായ അര്‍ഷാദ് സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് അധികം വൈകാതെ തന്നെ ലോക്കല്‍ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തേത് പ്രതിയുടെ അമ്മ അസ്മയാണെന്ന് പൊലീസ് പറഞ്ഞു.
ഗാര്‍ഹിക പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവീണ ത്യാഗി പറഞ്ഞു.

