കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പരോള്‍ കൊടുക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ഇല്ലാതാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ. അതിനെന്ത് ചെയ്യാനാ. ഒരാള്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കണമെന്നോ പരോള്‍ കൊടുക്കാന്‍ പാടില്ലെന്നോ… അങ്ങനെ ഒരു തരത്തിലുമുള്ള ഇടപെടലും സി.പി.എം. നടത്തില്ല. ഞങ്ങള്‍ക്കത് ബാധകമല്ല. അതെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ പാര്‍ട്ടിയിടപെടേണ്ട കാര്യമില്ല. ആരേയും സംരക്ഷിക്കേണ്ട കാര്യമില്ല. പരോള്‍ തടവുകാരന്റെ അവകാശമാണ്. അത് ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ല.’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.

