കായംകുളം : യു. പ്രതിഭ എം.എല്‍.എയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ബി.ജെ.പി. നേതാവ് ബിപിന്‍ സി. ബാബു. മകനെതിരായ ലഹരി കേസില്‍ പ്രതിഭയെ പിന്തുണച്ചുകൊണ്ടാണ് ബിപിന്‍ സി. ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങളുടെ കയ്യില്‍ നിന്ന് തെറ്റുകള്‍ സംഭവിചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്ക്കേണ്ടവര് പോലും കൂടെ നിന്നില്ല.
നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശീയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എം.എല്‍.എയെ സ്വാഗതം ചെയ്യുന്നു,ബിപിന്‍ സി ബാബു.

