തിരുവനന്തപുരം:കലാ-കായിക മേളകളില്‍ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക് വരുന്നു. വരും വര്‍ഷങ്ങളിലെ മേളയില്‍ പ്രതിഷേധങ്ങള്‍ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. പ്രതിഷേധങ്ങള്‍ക്ക് വിലക്കിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റ് തര്‍ക്കത്തെച്ചൊല്ലി വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു സാധ്യത പരിശോധിക്കുന്നത്.
സ്‌കൂള്‍ കായികമേള സമാപനത്തിലെ സംഘര്‍ഷത്തില്‍ ചില അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാവാമുകുന്ദ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് നടപടിക്ക് ശുപാര്‍ശ. ഇവരെ വിലക്കിയേക്കാനും സാധ്യതയുണ്ട്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
