ചാവക്കാട്: 10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52-കാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 35 മാസം അധികതടവ് അനുഭവിക്കണം. ഒരുമനയൂര്‍ മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ സജീവ (52)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനായി കണ്ടെത്തിയത്.
2023 ഏപ്രിലില്‍ പ്രായപൂര്‍ത്തിയാകാത്ത 10 വയസ്സുള്ള ആണ്‍കുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും അതിനുശേഷം രണ്ട് പേര്‍ക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നല്കി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു എന്നതാണ് കേസ്. പീഡനത്തിന് മാസങ്ങള്‍ക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായി അഭിപ്രായം കേട്ട മാതാവ് കുട്ടിയോട് ചോദിച്ചപ്പോഴാണ്, കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചാവക്കാട് സ്റ്റേഷനില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
