കോട്ടയം: പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുന്‍പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല.ഉദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും വ്യക്തമാക്കി.
മന്നത്ത് പത്മനാഭന് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 148-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്തിന് കേരളം സംഭാവന ചെയ്ത മഹാപുരുഷനാണ് മന്നത്ത് പത്മനാഭന്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്ന നായര്‍ സമുദായത്തെയും കേരളത്തെയും നവോത്ഥാന പാതയിലേക്ക് നയിച്ചത് മന്നത്താണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗര്‍ബല്യത്തെ അത്രയേറെ മനസ്സിലാക്കിയ വ്യക്തിയാണ് മന്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍എസ്എസ് ആണ്. പ്രീഡിഗ്രി അഡ്മിഷന് മുതല്‍ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ് ആ ബന്ധം.
മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കേരളത്തിലേയും ഇന്ത്യയിലേയും ജനങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് വര്‍ഗീയമായ അക്രമങ്ങളെ ചെറുക്കാന്‍ എന്‍എസ്എസ് നേതൃത്വം കാലാകാലമായി നടത്തി വരുന്ന സംഭാവനകളെ സല്യൂട്ട് ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
