നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ അപകടത്തില്‍ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇവര്‍ അമേരിക്കയിലേക്ക് മടങ്ങിയത്. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. താല്‍ക്കാലിക സ്റ്റേജിന്റെ നിര്‍മ്മാണത്തില്‍ അടക്കം സംഘാടനത്തില്‍ ഗുരുതര പിഴവ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം പരിപാടിസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ദിവ്യ പ്രതികരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *