കായംകുളം: യു. പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ എക്‌സൈസിനെതിരേ മന്ത്രി സജി ചെറിയാന്‍. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. കായംകുളത്ത് എസ്.വാസുദേവന്‍ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘പ്രതിഭയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്’, മന്ത്രി ചോദിച്ചു.
പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു.അവര്‍ സ്ത്രീയല്ലേ, ആ പരിഗണന നല്‍കണ്ടേ. പ്രതിഭയെ വേട്ടായാടുകയാണ്. കേരളത്തിലെ 140 എം.എല്‍.എ.മാരില്‍ ഏറ്റവും മികച്ച എം.എല്‍.എ.യാണ് അവര്‍. അതിനാലാണ് പാര്‍ട്ടി മത്സരിപ്പിച്ചത്’., പ്രതിഭ വേദിയിലിരിക്കെ സജി ചെറിയാന്‍ പറഞ്ഞു.
