ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം.ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.
തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
