ഡല്‍ഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) രോഗബാധയില്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും പനിയും ജലദോഷവുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ചൈനയില്‍ എച്ച്.എം.പി.വി വ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിപ്പ് നല്‍കിയിരിക്കുന്നത്.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെങ്കിലും സമാനമായ രോഗലക്ഷണങ്ങളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പ്രത്യേക തൂവാല ഉപയോഗിക്കുക, ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ആവശ്യമായ മരുന്നുകള്‍ കഴിക്കുക എന്നീ നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.
‘എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും നിങ്ങള്‍ ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക. അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.

