കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്.
ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദര്‍ശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്.

