സ്ത്രീവിരുദ്ധവും അപകീര്‍ത്തികരവുമായ കമന്റ്: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് 27 പേര്‍ക്കെതിരെ കേസെടുത്തു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവരെയാണ് പ്രതി ചേര്‍ത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നുകാണിച്ച് കഴിഞ്ഞ ദിവസം ഹണി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.

സ്ത്രീവിരുദ്ധവും അപകീര്‍ത്തികരവുമായ കമന്റിട്ടവര്‍ക്കെതിരെ ഞായറാഴ്ച വൈകീട്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നടി പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് വിവരം. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ഫേസ്ബുക്ക് പോസ്റ്റ് ;

”ഒരു വ്യക്തി ദ്വയാര്‍ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്.

ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല…” -എന്നിങ്ങനെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്. താന്‍ പേരുപറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *