ഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിലും വൈറസ്ബാധ കണ്ടെത്തിയിരുന്നു. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്.
ചൈനീസ് വേരിയന്റ് ആണോ കുട്ടികള്‍ക്ക് സ്ഥിരീകരിച്ചത് എന്നത് വ്യക്തമല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
