ബെംഗളൂരു: കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ട് കുട്ടികള്‍ക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും ആശുപത്രികളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകണം.
ലോകാരോഗ്യ സംഘടനയോട് എച്ച്എംപിവി സംബന്ധിച്ച വിവരങ്ങള്‍ അതത് സമയത്ത് കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങള്‍ ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിരീക്ഷിച്ചുവരികയാണ്. ഗുരുതരമായ സാഹചര്യമില്ല എന്നാണ് ഇക്കാര്യത്തില്‍ ഐസിഎമ്മാറും വ്യക്തമാക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉന്നതലയോഗം നടന്നു.
