തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കണ്ണപുരം അരക്കന്‍ വീട്ടില്‍ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം.പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ശിക്ഷ വിധിച്ചത്.
19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്കരന് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
2005 ഒക്ടോബര്‍ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആര്.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് കേസ്.

