കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. തൃശൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്പില് ഹാജരായിരുന്നില്ല.
കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇന്നു രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുന്‍പാണ് ജനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
