കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ശേഷം ഇന്ന് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നല്‍കും. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കും.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്.

