കണ്ണൂര്‍: സി.പി.എമ്മിനെതിരെ കെട്ടിപ്പൊക്കിയ നുണയുടെ കോട്ടയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ശിക്ഷ മരവിപ്പിച്ചതോടെ പൊളിഞ്ഞു വീണതെന്ന് പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷപ്പെട്ട മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍. ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന കെ.വി കുഞ്ഞിരാമന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സി.പി.എം നേതാക്കളായതിനാലാണ് കേസില്‍ പ്രതി ചേര്‍ത്തത്. സി.പി.എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണിത്. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് വിചാരണ കോടതി ശിക്ഷ വിധിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും കെ.വി കുഞ്ഞിരാമന്‍ പറഞ്ഞു.
മോചനം നേടി വരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിനല്‍കുന്നതില്‍ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും വലിയ സഹായവും പിന്തുണയും നല്‍കി. കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം ആത്മവിശ്വാസം നല്‍കി. ഈ പ്രതിസന്ധി അതിജീവിക്കാന്‍ ഞങ്ങളെ സഹായിച്ച എല്ലാ നേതാക്കളോടും നന്ദിയുണ്ട്’ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കുഞ്ഞിരാമന്‍ പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു.

