പാലക്കാട്: വാളയാര്‍ കേസില്‍ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ച്ച് കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയില്‍ സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

