ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ ഇരുവിഭാഗത്തിന്റെയും വാദം അവസാനിച്ചു ; വിധി ഉടന്‍

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇരുവിഭാഗത്തിന്റെയും വാദം അവസാനിച്ചു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി ഉച്ചക്ക് ശേഷം വിധി പറയും.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമന്‍ പിള്ളയുടെ രാമന്‍പിള്ള അസോഷ്യേറ്റ്‌സാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

മാപ്പുപറയേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

‘തന്റെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാവുന്ന കേസില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കില്‍ വിളിപ്പിച്ചാല്‍ മതി. പൂര്‍ണമായും പൊലീസിനോട് സഹകരിക്കുന്നയാളാണ്’ -പ്രതിഭാഗം അറിയിച്ചു.

എന്നാല്‍, തെളിവ് നശിപ്പിക്കാതിരിക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യം നല്‍കിയാല്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യലാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സമാന കേസില്‍ പ്രതികളായവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ തെളിവുക?ളെല്ലാം ഡിജിറ്റലാണെന്നും സ്വാധീനിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഈ വാദത്തെ പ്രതിഭാഗം എതിര്‍ത്തു.

നടിയുടെ ശരീരത്തില്‍ ബോബി ചെമ്മണ്ണൂര്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും ആ ചടങ്ങില്‍നിന്ന് ഏറെ മനോവേദനയോടെയാണ് അവര്‍ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് അപമാനിച്ചതെന്നും വാദമുയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *