തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍വെച്ചായിക്കോട്ടേ എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുമാറ്റച്ചട്ടത്തിലെ ഭേദഗതി വിവാദമായതോടെയാണ് പാര്‍ട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് നാലുകാലില്‍ ജനങ്ങള്‍ക്കുമുന്നില്‍ വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിരോധനമല്ല, വര്‍ജനമാണ് പാര്‍ട്ടിയുടെ നയം. കള്ളുകുടിക്കാനായി ചീത്ത കൂട്ടുകെട്ടില്‍പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് പാര്‍ട്ടി തിരുത്തുന്നത്.
‘പാര്‍ട്ടിക്കാര്‍ക്ക് മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍വെച്ചായിക്കോ. റോഡിലിറങ്ങി ബഹളമുണ്ടാക്കാന്‍ പാടില്ല. നാലുകാലില്‍ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാന്‍ പാടില്ല. അവരുടെ കയ്യില്‍നിന്ന് കാശുമേടിച്ച് കുടിക്കാന്‍ പാടില്ല. സദാചാര മൂല്യങ്ങള്‍ പാലിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹത്തില്‍ അംഗീകാരം നേടണം.’ അദ്ദേഹം പറഞ്ഞു.

