തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി വരാനായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.
സാമ്പത്തിക ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്മേല്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ മടക്കിയത്.
ചില കാര്യങ്ങളില്‍ റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. വ്യക്തത കുറവുള്ള ഭാഗങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.ആഡംബര വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഫ്‌ലാറ്റ് വിറ്റതില്‍ ക്രമക്കേടില്ല. മരംമുറിയില്‍ അജിത് കുമാറിന് പങ്കില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

