ബാലരാമപുരത്ത് പിതാവ് സമാധിയായെന്ന് പറഞ്ഞ് മകന്‍ സ്ലാബിട്ട് മൂടി

തിരുവനന്തപുരം: ബാലരാമപുരത്ത് പിതാവ് സമാധിയായെന്ന് പറഞ്ഞ് മകന്‍ സ്ലാബിട്ട് മൂടി.ചുമട്ട് തൊഴിലാളിയായ ഗോപന്‍ (78)നെയാണ് മകന്‍ സ്ലാബിട്ട് മൂടിയത്.പിതാവ് സ്വന്തം ആഗ്രഹപ്രകാരം സമാധിയായെന്ന് മകന്‍ രാജസേനന്‍. സമാധിക്കായുള്ള കല്ല് അച്ഛന്‍ നേരത്തെ തന്നെ വാങ്ങിവെച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിട്ടാണ് അച്ഛനെ സമാധിയാക്കുന്നത്. ഇതിന്റെ ചടങ്ങുകള്‍ ആരും കാണാന്‍ പാടില്ലാത്തതും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. അതിനാലാണ് ആരെയും വിവരം അറിയിക്കാതിരുന്നതെന്നും മകന്‍ രാജസേനന്‍ പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം

വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സമാധി വിവാദമുയരുന്നത്. ഗോപന്‍ സ്വാമിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഗോപന്‍, സ്വന്തമായി പണി കഴിപ്പിച്ച ക്ഷേത്രത്തില്‍ പൂജ നടത്തിവരികയായിരുന്നു. ഗോപന്‍ സ്വാമി സമാധിയായെന്ന പോസ്റ്റര്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ടായത്.

തൊട്ടടുത്ത വീട്ടുകാര്‍ പോലും ഗോപന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. സമാധിയായെന്നും കുഴിച്ചുമൂടിയെന്നും മക്കള്‍ പറഞ്ഞതോടെയാണ് നാട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ദിവസം പോലും പുറത്ത് കണ്ട ആള്‍ മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *