തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.
ഇന്ന് രാവിലെ സ്പീക്കറെ കാണാന്‍ പോകുന്ന വേളയില്‍ എം.എല്‍.എ എന്ന ബോര്‍ഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എം.എല്‍.എ ആയ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ നീക്കമെന്നാണ് അറിയുന്നത്.
മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന് മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അന്‍വര്‍ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തി.
