കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ബദല്‍ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്റെ സ്ഥാപകനാണ്.
കണ്ണൂര്‍ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാര്‍ത്തു. വയനാട്ടില്‍ നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി, 1994 ല്‍ കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
നാടുഗദ്ദിക, മാവേലി മന്റം, ബെസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ‘മാവേലി മന്റം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു.
