നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും.
നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്.

എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടം ഒരു വര്‍ഷം നീണ്ട വിചാരണ പിന്നാലെയാണ് കോടതിയുടെ ശിക്ഷാ വിധി. കൊലപാതകം, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട്‌ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തെളിവ് നശിപ്പിച്ചതിന് ഒന്നാംപ്രതിക്ക് ഏഴു വര്‍ഷം തടവും കാല്‍ലക്ഷം രൂപ പിഴയും ഒടുക്കണം.

പിഴത്തുക നബീസയുടെ ഭിന്നശേഷിക്കാരിയായ മകള്‍ ആയിഷയ്ക്ക് നല്‍കണം. ഇല്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ എന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. കൊലപാതകക്കുറ്റം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ പ്രൊസിക്യൂഷന് തെളിയിക്കാനായി. 35 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിര്‍ണായകമായി. വിധി കേട്ടപ്പോഴും ജയിലിലേക്ക് പോകും വഴിയും കൂസലില്ലാതെ ആയിരുന്നു പ്രതികള്‍.

2016 ജൂണ്‍ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസയെ കൊച്ചുമകന്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നോമ്പു തുറക്കാനായി വീട്ടിലേക്ക് വിളിച്ചു വരുത്തി കഞ്ഞിയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. മരണം ഉറപ്പാക്കി ചാക്കില്‍കെട്ടി മൃതദ്ദേഹം ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *