തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇന്നലെയാണ് തൃത്താലയില്‍ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹെഡ് മാസ്റ്ററോട് പ്രകോപിതനാകുന്നതിന്റെ ദൃശ്യങ്ങള്‍ അധ്യാപകര്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തൃത്താല പൊലീസ് വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്ന് തന്റെ പിഴവ് തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥി മാപ്പ് പറയാന്‍ തയ്യാറാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ വിദ്യാര്‍ത്ഥിയെ അധികൃതര്‍ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
