മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ .പ്രതിഷേധവുമായി വന്‍ ജനക്കൂട്ടം തെരുവിലിറങ്ങി.
നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെ കൊലയാളി കടുവയെ വെടിവെച്ചു കൊല്ലാന്‍ ജില്ല ഭരണകൂടം ഉത്തരവ് നല്‍കി.
വെള്ളിയാഴ്ച രാവിലെ മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിലാണ് ആദിവാസി സ്ത്രീയുടെ ജീവന്‍ നഷ്ടമായത്. വനംവകുപ്പ് താല്‍കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ രാധ(48)യാണ് മരിച്ചത്.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.