കല്‍പറ്റ: വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ പരിധിയില്‍ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മീന്‍മുട്ടി തറാട്ട് രാധയുടെ മൃതദേഹം ഇന്ന് ശനിയാഴ്ച സംസ്‌കരിക്കും. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് 11 മണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും.
കടുവയെ പിടികൂടാനായി തിരച്ചില്‍ ഇന്നും തുടരും. പ്രദേശത്ത് കൂടുതല്‍ ആര്‍.ആര്‍.ടി സംഘത്തെ വിന്യസിച്ചാണ് തിരച്ചില്‍. മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ തിരച്ചിലിനായി എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതും തുടരും.
കടുവയെ കൂടുവെച്ചോ മയക്കുവെടിവെച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി.
പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
