ലഖ്‌നൗ: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് ഖൊരക്പൂരില്‍ രണ്ട് വനിതകള്‍ വിവാഹം കഴിച്ചു. കവിത, ബബ്ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു.
ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ ക്ഷേത്രത്തില്‍ വെച്ച് പരസ്പരം മാല ചാര്‍ത്തി വിവാഹിതരായി. യു.പിയിലെ ദിയോറിയയിലാണ് സംഭവം.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതികള്‍ പരിചയപ്പെട്ടത്. തുറന്ന് സംസാരിച്ചപ്പോള്‍ മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനത്തിന് ഇരകളാണ് തങ്ങളെന്ന് മനസ്സിലായി. സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലായപ്പോള്‍ ഇരുവരും പരസ്പരം അടുത്തു. തുടര്‍ന്ന് വീട് വിട്ടിറങ്ങി ദേവരിയായിലെ ഛോട്ടി കാശി ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു.
തങ്ങള്‍ ഇനി വീടുകളിലേക്ക് മടങ്ങില്ലെന്നും ഖൊരഗ്പൂരില്‍ ഒരുമിച്ച് താമസിച്ച് കുടുംബം പോലെ കഴിയുമെന്നും ഇരുവരും പറഞ്ഞു.