തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മദ്യവിലയില്‍ മാറ്റം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിക്കും. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണിത്. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്.
62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വിലവര്‍ധന ബാധകം.സ്പിരിറ്റ് വിലവര്‍ദ്ധന പരിഗണിച്ച് മദ്യവില്‍പ്പന വര്‍ധിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ മദ്യവിതരണ കമ്പനികള്‍ മുന്നോട്ടു വെച്ചിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോയും ആവശ്യപ്പെട്ടിരുന്നു.
വിവിധ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. അതിനിടെ 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്.