കടുവയെ വെടി വെച്ചിട്ടില്ല;വേറൊരു കടുവയുമായി ഏറ്റുമുട്ടിയതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട് : ഡോ. അരുണ്‍ സക്കറിയ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വെച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30-നാണ് കടുവയുടെ ജഡം ലഭിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി ഏറ്റുമുട്ടിയതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

വീടിന്റെ ഭാഗത്താണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നും ഈ പ്രദേശത്ത് നിന്നുതന്നെയാണോ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതെന്നതില്‍ വ്യക്തമല്ലെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു. കടുവയുടെ ശരീരത്തിലെ മുറിവിന് പഴക്കമുണ്ട്. അതിനാല്‍ മുറിവ് ഉണ്ടായ ശേഷം ഈ പ്രദേശത്തേക്ക് എത്തിയതെന്ന സംശയത്തിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അരുണ്‍ സക്കറിയ പറഞ്ഞു.

അധികം പ്രായമില്ലാത്ത കടുവയാണിത്, ഏറിയാല്‍ ആറോ ഏഴോ വയസ് കാണുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *