കൊച്ചി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സംവിധായകന് ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.ഇയാളിപ്പോള്‍ വിദേശത്താണെന്നാണ് വിവരം.
സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും കഴിഞ്ഞ ആറുവര്‍ഷമായി സംവിധായകന് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് നടിയുടെ പരാതി. പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍, നിരീക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
നേരത്തേ, ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.