തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷം. ഇരുഭാഗത്തുമായി 20ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ കേരളവര്‍മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കാണ് പരിക്കുള്ളത്. പത്തിലധികം കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ആറ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് ഒരുവിഭാഗം പിന്തുടര്‍ന്ന് തകര്‍ത്തു.
കലോത്സവത്തിലെ സ്‌കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് കൊരട്ടിയില്‍ തടഞ്ഞ് ആക്രമിച്ച സംഭവവുമുണ്ടായി. ഇതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.