തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജയ്സല്‍മീറില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പ്രീ-ബജറ്റ് കണ്സള്ട്ടേഷനില് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും അറിയിച്ചതായും അത് സംബന്ധിച്ച മെമ്മോറാണ്ടം നല്‍കിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റില്‍ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കേരളം.
നിക്ഷേപം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സഹായകരമാവുന്ന നടപടികള്‍ കേന്ദ്ര ബജറ്റിലുണ്ടാവുമെന്നും പറഞ്ഞ മന്ത്രി ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിന്ന് പ്രയോജനം നേടുന്നതെന്നും പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നിര്‍ത്തലാക്കിയതും കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതുമെല്ലാം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും പ്രത്യേക പാക്കേജിലൂടെ മാത്രമേ ഇത് മാറികടക്കാന്‍ കഴിയൂവെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.