ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. നിരവധിപ്പേര്‍ കയറിനിന്നതോടെ ഭാരം താങ്ങാന്‍ സാധിക്കാതെയാണ് മുളയില്‍ തീര്‍ത്ത പ്ലാറ്റ്‌ഫോം നിലംപൊത്തിയത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബടൗത്തിലെ ജൈന സമൂഹം ചൊവ്വാഴ്ച ലഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനാണ് നിരവധിയാളുകള്‍ ഇവിടെയെത്തിയത്. ജനങ്ങള്‍ക്കായി മുള കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കിയിരുന്നത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ പ്ലാറ്റ്ഫോം തകര്‍ന്നുവീഴുകയായിരുന്നു.
ബടൗത്തിലെ ജൈന വിഭാഗക്കാരാണ് ലഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വഴിപാടായി ലഡു സമര്‍പ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി.
സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.