പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്ന് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നെന്മാറ പൊലീസ് സ്റ്റേഷനില്‍ മുന്നിലെ സംഘര്‍ഷം കണക്കിലെടുത്തായിരുന്നു പുലര്‍ച്ചെ പൊലീസിന്റെ നാടകീയ നീക്കം.
ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.