കുടുംബ വഴക്കിനിടെ കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം.

ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴള്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും അപ്പുക്കുട്ടനും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രമണി വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ അപ്പുക്കുട്ടന്‍ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന രമണിയുടെ സഹോദരിയും മകനും ബഹളം കേട്ട് സ്ഥലത്തെത്തി. ഇതോടെ അപ്പുക്കുട്ടന്‍ മൂവരെയും വെട്ടുകയായിരുന്നു.

തലക്ക് വെട്ടേറ്റ രമണിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സുഹാസിനിക്കും തലക്കാണ് വെട്ടേറ്റത്. ഇവര്‍ കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *