പി.പി ദിവ്യക്കും ഇ.പി. ജയരാജനും തെറ്റുപറ്റി; കോഴിക്കോട് ജില്ല സമ്മേളനത്തില്‍ മുഖ്യമന്ത്രി

കോഴിക്കോട്: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളന ചര്‍ച്ചയില്‍ ഇ.പി ജയരാജനെതിരെയും വിമര്‍ശനമുണ്ടായി. ഉപതിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പി. ജയരാജന്റെ പ്രസ്താവനകള്‍ ദോഷം ചെയ്തെന്ന് പ്രതിനിധികളും വിമര്‍ശിച്ചു.
ജയരാജന്റെ നടപടി തെരഞ്ഞടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഇ.പിയുടെ വീഴ്ചയില്‍ തിരുത്തല്‍ നടപടിയും പാര്‍ട്ടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി ജില്ല സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *