മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്;രാജ്യം വികസന പാതയില്‍ : രാഷ്ട്രപതി

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു.ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ചു. കുംഭമേളയില്‍ മരിച്ചവര്‍ക്കും രാഷ്ട്രപതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാജ്യം വികസന പാതയിലാണെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്റണ്‍ഷിപ്പ് പദ്ധതി നിരവധി യുവാക്കള്‍ക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. പി എം കിസാന്‍ പദ്ധതിയെയും ആയുഷ്മാന്‍ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി.

മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം വിഷയങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ദ്രൗപദി മുര്‍മു, വന്ദേ ഭാരത് അടക്കം പുതിയ മോഡല്‍ ട്രെയിനുകള്‍ രാജ്യത്തിന്റെ റെയില്‍വേ വികസനത്തില്‍ നിര്‍ണ്ണായകമായിയെന്നും കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ഉടന്‍ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകും. മധ്യവര്‍ഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. വനിത ശാക്തീകരണത്തിനായാണ് വനിത സംവരണ ബില്ല്. എല്ലാ സര്‍ക്കാര്‍ പദ്ധതികളും സുതാര്യമാണ്. യുവാക്കള്‍ക്ക് തൊഴിലവസരത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. എ ഐ ടെക്‌നോളജിയില്‍ ഇന്ത്യ മുന്‍പന്തിയിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാലയങ്ങള്‍ ശാക്തീകരിക്കപ്പെട്ടു. ബഹിരാകാശ രംഗത്തും നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *