കൊച്ചി: ചോറ്റാനിക്കരയില്‍ ക്രൂരമായ ആക്രമണത്തിനിരയായ യുവതി മരിച്ചു. ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ചോറ്റാനിക്കരയ്ക്കു സമീപമുള്ള വീട്ടിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച 19കാരിയെ അവശനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ പെണ്‍കുട്ടിയുടെ കൈയില്‍ മുറിവേറ്റ് ഉറുമ്പരിക്കുന്ന നിലയിലായിരുന്നു. അര്‍ധ നഗ്‌നാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ചേര്‍ന്ന് തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. പോക്സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു.
സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ സുഹൃത്ത് അനൂപിനെ ബുധനാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റവും ബലാത്സംഗക്കുറ്റവുമാണ് ചുമത്തിയത്.