കൊച്ചി: പീഡന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നടന് നിവിന്‍ പോളി.പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് നടന് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്.
എന്റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. ഇവിടെ എല്ലാവര്ക്കും ജീവിക്കണമല്ലോ. നാളെ ആര്‍ക്കെതിരെയും വരാം. അവര്‍ക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്’, നിവിന്‍ പോളി പറഞ്ഞു.’എനിക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാല്‍ നിങ്ങള്‍ എന്റെ കൂടെ നില്‍ക്കണം.
ഒരു മാസം മുമ്പ് സമാനമായ പരാതിയില്‍ പൊലീസ് വിളിച്ചിരുന്നു. ആരോപണക്കാരിയെ എനിക്കറിയില്ലെന്ന് അന്ന് പറഞ്ഞപ്പോള്‍് വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും നടന് പറഞ്ഞു.പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരന് പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും’, നിവിന്‍ പോളി പറഞ്ഞു.
പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല.എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെന്നെ അറിഞ്ഞുള്ളു.ആരോപണ വിധേയരായ ആറ് പേരില്‍ ഒരാളെ അറിയാമെന്നും നിവിന്‍ പോളി പറഞ്ഞു.