കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നു: മലയാളി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ക്ക് വീരമൃത്യു

ഡല്‍ഹി: പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു. ആലപ്പുഴ മാവേലിക്കരയില്‍ വിപിന്‍ ബാബു (39), കരണ്‍സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

പോര്‍ബന്തര്‍ തീരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള എണ്ണ ടാങ്കറായ എം.ടി ഹരിലീലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലിലെ ഗുരുതര പരിക്കേറ്റ ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനായിരുന്നു തീരസംരക്ഷണസേനയുടെ ദൗത്യം.

അതേസമയം, സഹപൈലറ്റിനായുള്ള തിരച്ചില്‍ കടലില്‍ പുരോഗമിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. നാലു കപ്പലുകളും രണ്ടു വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.

തീരസംരക്ഷണസേനയില്‍ സീനിയര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്നു വിപിന്‍ ബാബു. വിപിന്‍ ബാബുവിന്റെ ഭൗതികശരീരം ഇന്ന് രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിക്കും. ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കടലിലാണ് നിയന്ത്രണം നഷ്ടപ്പെട്ട തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രണ്ട് പൈലറ്റുമാര്‍ അടക്കം നാലു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പൈലറ്റുമാര്‍ അടക്കം മൂന്നു പേരെയാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *