ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയര്‍മാനായി നിലവിലെ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ചുമതലയേറ്റു. ചെയര്‍മാന്‍ രഞ്ജിത്തിന്റെ അപ്രതീക്ഷിതമായ രാജിയെത്തുടര്‍ന്ന് താത്ക്കാലികമായി ഒരു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും പ്രേംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രിയപ്പെട്ട സുഹൃത്താണ് രാജിവെച്ച ചെയര്‍മാന്‍ രഞ്ജിത്ത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു, നിയമപരമായ നടപടികളിലേക്ക് പോവുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിരപരാധിത്വം തെളിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്ന ചുമതല ഏറ്റവും കൃത്യമായും ആത്മാര്‍ത്ഥതയോടെയും സുതാര്യമായും നിറവേറ്റും. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി.അതിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കും. പൊതുസമൂഹത്തില്‍ സിനിമാ മേഖലയേക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതില്‍ എല്ലാവരും വല്ലാതെ വിഷമിക്കുന്നവരാണ്. കാരണം സിനിമയെ സ്‌നേഹിക്കുന്നവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലാണ്. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു..

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി സിനിമ മേഖലയില്‍ സ്ത്രീ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയില്‍ കടന്നുവരുന്നതോടുകൂടി സ്ത്രീ സൗഹൃദ തൊഴിലിടമായി ഇതുമാറുമെന്നും പ്രേംകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *