തിരുവനന്തപുരം:എംഎല്‍എ പിവി അന്‍വര്‍ നല്കിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്കിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,അന്‍വര്‍ പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്നും, ശശിക്കെതിരെ അന്വേഷണമില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഭരണതലത്തിലുള്ള പരിശോധനയാണ് ഇതില്‍ ഉണ്ടാകേണ്ടത് എന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്.
സംസ്ഥാനത്ത് ഏത് പ്രശ്നം ഉയര്‍ന്നാലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമരം, ഇന്ന് കോണ്‍ഗ്രസ് സമരവും നടത്തി. കെ സുധാകരന് ഉന്നയിച്ച ഭീഷണി ഡിവൈഎഫ്ഐ നേതാവാണ് നടത്തിയതെങ്കില്‍ അത് വലിയ തോതില്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്നും സുധാകരന് പറഞ്ഞത് വാര്‍ത്തയാക്കിയില്ല. അന്‍വറിന്റെ പരാതി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ നേരത്തെ അന്‍വറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
