ഡല്‍ഹി: എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ആര്.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ.ആര്.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ചാണ് ഡി. രാജ രംഗത്തെത്തിയത്.
‘ഒരു ഉന്നതല പൊലീസ് ഉദ്യോഗസ്ഥന് എന്തിനാണ് ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു അതിന്റെ പശ്ചാത്തലം? ഇതിനെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് വ്യക്തമാകണം’ എന്ന് ഡി. രാജ പറഞ്ഞു. സി.പി.ഐ ഈ വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും ഡി. രാജ വ്യക്തമാക്കി.
എ.ഡി.ജി.പി-ആര്.എസ്.എസ് കൂടിക്കാഴ്ച എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക സി.പി.ഐ ദേശീയ നേതൃത്വത്തിനുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി. രാജ ആവശ്യപ്പെട്ടു.
